ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
തിരുവനന്തപുരം ജില്ലയിലെ തലസ്ഥാനനഗരിയിൽ നിന്ന് 32 കിലോമീറ്റർ വടക്കുകിഴക്കു മാറിയാണ് നന്ദിയോട് ഗ്രാമം സ്ഥിതിചെയ്യുന്നത്. 14 കിലോമീറ്റർ സഞ്ചരിച്ചാൽ നെടുമങ്ങാട് എത്താം. പഞ്ചായത്ത് പ്രദേശത്തെ ജനങ്ങൾ പുരാതനകാലത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മുരുക്കുംപുഴ, വെങ്ങാനൂർ, കരകുളം, ചാത്തന്നൂർ, തമിഴ്‌നാട്ടിലെ കുഴിത്തുറ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിപ്പാർത്തവരുടെ പിന്മുറക്കാരാണ്. ജന്മി-കുടിയാൻ വ്യവസ്ഥിതിയുടെ ഭാഗമായി കൃഷിയിടങ്ങളിൽ പണിയെടുക്കാൻ ഹരിജനങ്ങളെയും ഇവിടെ കൊണ്ടുവന്നിരുന്നു. താഴ്വരകളും പാടശേഖരങ്ങളും റബ്ബർമരങ്ങളും കുന്നിൻപ്രദേശങ്ങളും ഉൾപ്പെടുന്ന നന്ദിയോട് പ്രദേശത്ത് മുക്കാൽ നൂറ്റാണ്ടുമുമ്പ് കർഷകരും തൊഴിലാളികളും പുല്ലുകൊണ്ടും, ഈറഇലകൊണ്ടും, ഓലകൊണ്ടും മേഞ്ഞ വീടുകളിലാണ് താമസിച്ചിരുന്നത്. സമ്പന്നരായ കർഷകർ പോലും ആഡംബരങ്ങൾ കുറഞ്ഞ വീടുകളിലാണ് കഴിഞ്ഞിരുന്നത്. ചില ഭാഗങ്ങളിൽ പഴയകാലത്ത് തടികൊണ്ടു നിർമ്മിച്ച് കൊത്തുപണികൾ ചെയ്ത അറയും നിരയും ഉള്ള വീടുകളും ഉണ്ടായിരുന്നു. 1970-കൾ മുതൽ ഓലമേഞ്ഞ വീടുകൾക്കുപകരം ഓടിട്ടവീടുകളും, അതിനുപകരം കോൺക്രീറ്റ് മന്ദിരങ്ങളും ഉയർന്നു വന്നു.
നൂറ്റാണ്ടു പഴക്കമുള്ള പച്ചയിൽ ധർമ്മശാസ്താക്ഷേത്രം ഈ പ്രദേശത്തിന്റെ സാംസ്കാരിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. പഞ്ചായത്തിലെ പാണ്ടിയൻപാറയിൽ പണ്ട് പാണ്ടിപ്പടയുടെ താവളവും അതിന്റെ അവശിഷ്ടങ്ങളായ ഗുഹയും മറ്റും ഉണ്ടായിരുന്നതായി കേൾക്കുന്നു. കാർഷികവിളകളുടേയും മലഞ്ചരക്കുകളുടേയും പ്രധാനപ്പെട്ട വിപണനകേന്ദ്രം പണ്ടുമുതലേ നെടുമങ്ങാട് ആയിരുന്നു. വഴിയമ്പലവും ചുമടുതാങ്ങിയുമൊക്കെ ഉണ്ടായിരുന്ന നന്ദിയോട് വഴിയാത്രക്കാരുടെയും കച്ചവടക്കാരുടെയും വിശ്രമകേന്ദ്രങ്ങളിലൊന്നായിരുന്നു എന്നും അനുമാനിക്കാം.
ഒരുകാലത്ത് ശ്രീ നാരായണഗുരുവും അയ്യങ്കാളിയും നയിച്ച സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങൾ നന്ദിയോട് പ്രദേശത്തും ശക്തമായ ചലനങ്ങൾ സൃഷ്ടിച്ചു. നന്ദിയോട് കട്ടയ്ക്കാലിൽ എന്ന വീട്ടിൽ ജനിച്ച കുഞ്ഞുകൃഷ്ണൻ ടെയ്ലറുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെയും അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. പാലോട് നോഹ ആശാനും കള്ളിപ്പാറ ലൂക്കോസും നേതൃത്വം നൽകിയ സമരത്തെത്തുടർന്ന് പിന്നോക്കക്കാരെ ചായക്കടകളിൽ ഗ്ലാസ്സിൽ ചായ നൽകുന്നതിനെച്ചൊല്ലിയുള്ള പ്രാകൃതമായ സമ്പ്രദായം അവസാനിപ്പിച്ചു കൊണ്ടുള്ള നിയമം നിയമസഭയിൽ പാസ്സാക്കപ്പെട്ടു. കെ.വിശ്വംഭരൻ, നന്ദിയോട് രാമചന്ദ്രൻ, സദാന്ദൻ ടെയ്ലർ തുടങ്ങിയ പുരോഗമനവാദികളായ ചെറുപ്പക്കാർ ഈ സമരങ്ങൾക്കൊക്കെ പിന്തുണ നൽകി.
സാംസ്കാരികരംഗത്തും ഈ കാലഘട്ടത്തിൽ മുന്നേറ്റങ്ങളുണ്ടായി. കുഞ്ഞുകൃഷ്ണൻ ടെയ്ലർ സ്വന്തമായി തുടങ്ങിയ "വിജ്ഞാനദായിനി" വായനശാലയാണ് നെടുമങ്ങാടിനിപ്പുറമുള്ള ആദ്യത്തെ ഗ്രന്ഥശാല. ഇത് പിന്നീട് സഹൃദയ ഗ്രന്ഥശാല എന്ന പേരിലും പ്രവർത്തിച്ചു. പിൽക്കാലത്ത് ഇതാണ് നന്ദിയോട് പഞ്ചായത്തു ലൈബ്രറിയായി മാറിയത്. ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ പങ്കെടുത്ത കുഞ്ഞുകൃഷ്ണൻ ടെയ്ലർ, പി.കെ.കുഞ്ഞൻപിള്ള, കുറുപുഴ സഖറിയ, കെ.കേശവൻ, കെ.കെ.പിള്ള, താളിക്കുന്ന് പാച്ചൻപിള്ള, പനച്ചയിൽ നീലകണ്ഠപിള്ള, ഇളവട്ടം നാരായണപിള്ള തുടങ്ങിയ നിരവധി പേർ ഈ പ്രദേശത്തുണ്ട്. 1940-കളില്‍ രൂപം കൊണ്ട നന്ദിയോട് മഹാത്മ യുവജനസമാജവും തുടര്‍ന്നുവന്ന ടാഗോര്‍ ആര്‍ട്ട്സ് ക്ലബും സാംസ്കാരികകലാരംഗങ്ങളിലെ ദീപസ്തംഭങ്ങളാണ്.
പഞ്ചായത്തിലെ ഒരു വലിയ പ്രദേശമാണ് പച്ച. നവരത്നങ്ങളിലൊന്നായ പച്ചരത്നക്കല്ല് വിളഞ്ഞിരുന്ന സ്ഥലമായതിനാലാണ് ഈ പേര് ലഭിച്ചതെന്ന് പഴമക്കാർ പറയുന്നു. 1953 മുതൽ 1961 വരെ ഇപ്പോഴത്തെ പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകൾ യോജിച്ചുകിടന്നിരുന്നത് പാലോട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.