പഞ്ചായത്തിലൂടെ............................

ഭൂപ്രകൃതി, കാലാവസ്ഥ

സമുദ്രനിരപ്പില്‍ നിന്നുമുള്ള ഉയരം അടിസ്ഥാനമാക്കി 60 മീറ്റര്‍ മുതല്‍ 218 മീറ്റര്‍ വരെ പൊക്കമുള്ള വിവിധ ഭൂപ്രദേശങ്ങള്‍ ഈ പഞ്ചായത്തിലുണ്ടു. 218 മീറ്റര്‍ ഉയരമുള്ള കടല്‍കാണിക്കുന്ന് ആണ് ഏറ്റവും ഉയര്‍ന്ന പ്രദേശം. നെടുംപോങ്ങ്, കാക്കോട്ടുമല, ചെങ്കോട്ടുമല, നാരായണക്കുന്ന്, മണികെട്ടിയമല എന്നിവയാണ് പ്രധാനപ്പെട്ട കുന്നിന്‍പ്രദേശങ്ങള്‍. പഞ്ചായത്തിനെ ഭൂപ്രകൃതിയനുസരിച്ച്, ഉയര്‍ന്നപ്രദേശങ്ങള്‍, ചരിവുപ്രദേശങ്ങള്‍, താഴ്വരകള്‍ എന്നിങ്ങനെ പ്രധാനമായും മൂന്നായി തിരിക്കാം. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയില്‍ (38.85 ച.കി.മീ) 19% ഉയര്‍ന്ന പ്രദേശങ്ങളാണ്. ഇവയില്‍ കുന്നിന്‍മണ്ടകളും അനേകം മലകളുമുള്‍പ്പെടുന്നു. ലാറ്ററൈറ്റിനത്തില്‍പ്പെട്ട മണ്ണാണ് കണ്ടുവരുന്നത്. ജലലഭ്യത താരതമ്യേന കുറവാണ്. പഞ്ചായത്തിലെ ചെരിവുപ്രദേശങ്ങളെ ഡിഗ്രി വ്യത്യാസമനുസരിച്ച് പല വിഭാഗങ്ങളായി തരംതിരിക്കം. കുത്തനയുളള ചെരിവു (27 ല്‍ കൂടുതല്‍), മിതമായ കുത്തനെയുള്ള ചെരിവു (18 മുതല്‍ 27 ഡിഗ്രി വരെ), ചെറുകുത്തനെയുള്ള ചെരിവു (10 മുതല്‍ 18 ഡിഗ്രി വരെ), ചെറുചെരിവു (5 ഡിഗ്രിക്കു താഴെ) എന്നിവയാണ് പ്രധാന ചെരിവുപ്രദേശങ്ങള്‍. വെട്ടുകല്‍ മണ്ണ്, ചരല്‍ മണ്ണ്, ചെമ്മണ്ണ് എന്നിവ കാണപ്പെടുന്നു. മിതമായ തോതില്‍ ജലം ലഭിക്കുന്നു. വിവിധയിനം കാര്‍ഷികവിളകളുണ്ടെങ്കിലും റബ്ബര്‍ പ്രധാനകൃഷിയാണ്. ആകെ വിസ്തൃതിയുടെ 60% ചെരിവുപ്രദേശങ്ങളാണ്. പാടശേഖരങ്ങള്‍ താഴ്വരപ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. എക്കല്‍ മണ്ണാണ് കണ്ടുവരുന്നത്. ജലലഭ്യത താരതമ്യേന കൂടുതലാണ്. നെല്‍കൃഷി, ഇടവിളകള്‍ എന്നിവ പ്രധാനമായും കൃഷി ചെയ്യുന്നു. വാമനപുരംനദിയുടെ നദീതടപ്രദേശങ്ങളാണ് പഞ്ചായത്തിലധികവും. നദിയുടെ സ്വാധീനം ഭൂപ്രകൃതിയെയും മണ്ണിന്റെ ഘടനയെയും ജലലഭ്യതയെയും സ്വാധീനിക്കുന്നുണ്ട്. പഞ്ചായത്തില്‍ പ്രധാനമായും ലാറ്ററൈറ്റ് വിഭാഗത്തില്‍പ്പെട്ട മണ്ണിനങ്ങളും എക്കല്‍മണ്ണും കണ്ടുവരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലും ചെരിവുപ്രദേശങ്ങളിലും ലാറ്ററൈറ്റ് മണ്ണിന്റെ വകഭേദങ്ങളായ ചെമ്മണ്ണ്, ചരല്‍മണ്ണ് എന്നിവ കാണാവുന്നതാണ്. താഴ്വരപ്രദേശങ്ങളിലും നദീതടങ്ങളിലും എക്കല്‍ മണ്ണാണുള്ളത്. നദിയൂടെ വെള്ളം കയറുന്ന പ്രദേശങ്ങളില്‍ എക്കല്‍ മണ്ണിന്റെ വര്‍ദ്ധിച്ച അളവ് കാണാവുന്നതാണ്. കോളുവിയം ഇനത്തില്‍പ്പെട്ട മണ്ണും ചെറിയ തോതില്‍ കാണുന്നുണ്ട്. ചാരം, കറുപ്പ്, ബ്രൌണ്‍ എന്നീ നിറങ്ങളാണ് മണ്ണിനുള്ളത്. ധാരാളം പാറമടകളും ഒറ്റപ്പെട്ട പാറക്കെട്ടുകളും പഞ്ചായത്തില്‍ വ്യാപകമായുണ്ട്. ചാര്‍ണക്കെറ്റ്, കോണ്‍ടലൈറ്റ് (ചാര്‍ണക്കെട്ട്, ഗ്രാഫൈറ്റ് ഉള്‍പ്പെടെ), ലൈപ്റ്റി നൈറ്റ്, ഡൈയ്ക്ക് എന്നിവയാണ് പ്രധാനപാറയിനങ്ങള്‍. മലനാട് കാര്‍ഷികമേഖലയിലുള്‍പ്പെടുന്ന നന്ദിയോട് പഞ്ചായത്തില്‍ മണ്‍സൂണ്‍ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ജൂണ്‍, ജൂലൈ, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നല്ല തോതില്‍ മഴ ലഭിക്കുന്നുണ്ട്. ഡിസംബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ചെറിയ തോതില്‍ മഴ ലഭിക്കുന്നുണ്ട്. ശരാശരി 2497 മി.മീ മഴ കിട്ടുന്നുണ്ട്. ശരാശരി താപനില 31 മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഏറ്റവും കൂടൂതല്‍ ചൂടനുഭവപ്പെടുന്നത്. വര്‍ഷത്തില്‍ 120 മുതല്‍ 160 ദിവസം വരെ മഴ ലഭിക്കുന്നുണ്ട്. പൊന്മുടിയില്‍ നിന്നാരംഭിക്കുന്ന വാമനപുരംനദി, പഞ്ചായത്തിന്റെ മൂന്നും രണ്ടും ഒന്നും പതിനൊന്നും പത്തും ഒന്‍പതും എട്ടും വാര്‍ഡുകളിലൂടെ ഈ കൊച്ചുഗ്രാമത്തെ ജലസമ്പുഷ്ടമാക്കി പടിഞ്ഞാറ് അഞ്ചുതെങ്ങുകായലിലേക്ക് ഒഴുകിപോകുന്നു. അനന്തപുരിയിലൂടെയൊഴുകുന്ന കിള്ളിയാറിന്റെ ഉല്‍ഭവവും ഈ ഗ്രാമത്തിലെ പച്ചമലയില്‍ നിന്നാണ്. വാമനപുരംനദി നന്ദിയോട് ഗ്രാമത്തിന്റെ വടക്കുഭാഗത്തുകൂടി ഒഴുകുന്നു. ഉപരിതലജലസ്രോതസ്സുകളായ നീരുറവകള്‍, കുളങ്ങള്‍, ജലാശയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പഞ്ചായത്തിലെ ജലസമ്പത്ത്. 10 പൊതുകിണറുകള്‍ ഉള്‍പ്പെടെ 41 കുളങ്ങള്‍ പഞ്ചായത്തിലുണ്ട്. എല്ലാ വാര്‍ഡുകളിലുമായി 12-ഓളം നീരുറവകളുമുണ്ട്. പഞ്ചായത്തില്‍ ധാരാളം തോടുകളുണ്ട്. വഞ്ചുവംതോടാണ് അവയില്‍ പ്രധാനം. തോടുകളെല്ലാം തന്നെ വാമനപുരം നദിയില്‍ എത്തിച്ചേരുന്നു. പഞ്ചായത്തിലാകെ 72 തോടുകളുണ്ട്.

കൃഷി

നന്ദിയോട് പഞ്ചായത്ത് ഒരു കാര്‍ഷികഗ്രാമമാണ്. 38.855 ച.കി.മീ വിസ്തീര്‍ണ്ണമുള്ള നന്ദിയോട് പഞ്ചായത്തിലെ ആകെ കൃഷിയോഗ്യമായ ഭൂമി 2945 ഹെക്ടര്‍ ആണ്. താഴ്വരകള്‍, കുന്നിന്‍പ്രദേശങ്ങള്‍, ചെരിവുകള്‍, ഉയര്‍ന്നസമതലം, ചതുപ്പുനിലങ്ങള്‍, പാടങ്ങള്‍, വനപ്രദേശം എന്നിങ്ങനെയാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. ചെമ്മണ്ണ്, കരിമണ്ണ്, പശിമരാശി മണ്ണ്, മണല്‍ കലര്‍ന്ന പാടശേഖരം, ചേറുനിറഞ്ഞ പാടശേഖരം, പാറമടകള്‍, ചെങ്കല്ല്, കളിമണ്ണ് തുടങ്ങി വിവിധയിനം മണ്‍തരങ്ങളാണ് പഞ്ചായത്തുപ്രദേശത്തുള്ളത്. പാലോട്, ചെക്കോണം എന്നീ ഫോറസ്റ്റ് റേഞ്ചില്‍പ്പെട്ട വനപ്രദേശങ്ങള്‍ പഞ്ചായത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ വരുന്നു. പുരാതനകാലം മുതല്‍ തന്നെ ആദിവാസികളും കൃഷിക്കാരും വസിച്ചിരുന്ന ഭൂപ്രദേശമാണിത്. വാമനപുരം നദി പഞ്ചായത്തിന്റെ കിഴക്കുപടിഞ്ഞാറായി ഒഴുകുന്നു. നിരവധി തോടുകള്‍, കൈതോടുകള്‍, കുളങ്ങള്‍ എന്നിവയും ഉണ്ട്. വേനല്‍ക്കാലത്ത് വറ്റുന്നവയാണ് ഇവയില്‍ പലതും. നെല്‍കൃഷി, തെങ്ങുകൃഷി, മരച്ചീനി, വാഴ, കശുമാവ്, കുരുമുളക്, റബര്‍, കമുക്, പച്ചക്കറികള്‍, ചെറുധാന്യങ്ങള്‍ മുതലായവയാണ് പഞ്ചായത്തിലെ മുഖ്യകൃഷിയിനങ്ങള്‍. നെല്‍പ്പാടങ്ങള്‍ നികത്തി മറ്റിനം കൃഷികളും കെട്ടിടനിര്‍മ്മാണങ്ങളും നടത്തിയതിന്റെ ഫലമായി 50-ഓളം ഹെക്ടര്‍ ഭൂമി ഇല്ലാതായിമാറിയിരിക്കുന്നു. ചില പാടശേഖരകമ്മിറ്റികളും കേരസംരക്ഷണസമിതികളും കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മേല്‍പ്പറഞ്ഞ രണ്ടു കൃഷികളും ഇന്ന് അതീവഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. നന്ദിയോട് പഞ്ചായത്തില്‍ 1980-കളുടെ പകുതി വരേയ്ക്കും 88 ഹെക്ടര്‍ നെല്‍പ്പാടങ്ങള്‍ ഉണ്ടായിരുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം അവസാനിക്കാറാകുമ്പോള്‍ 30 ഹെക്ടറിലേക്ക് ചുരുങ്ങിയിട്ടുണ്ടാവുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മുന്‍കാലത്ത് നന്ദിയോട് പഞ്ചായത്തിലെ കൃഷിഭൂമിയുടെ 60-70 ശതമാനത്തോളം ഭാഗത്ത് തെങ്ങുകൃഷി ചെയ്തിരുന്നു. പില്‍ക്കാലത്ത് തെങ്ങുകൃഷിയെക്കാള്‍ ലാഭകരമെന്ന് കണ്ട് കൃഷിക്കാര്‍ റബ്ബര്‍കൃഷിയിലേക്ക് തിരിയുകയായിരുന്നു. കൃഷിക്കാരുടെ ഈ പിന്മാറ്റംമൂലം കൃഷിയോഗ്യമായ ഭൂമിയുടെ 70 ശതമാനത്തോളം ഇന്ന് റബ്ബര്‍ കൃഷിമേഖലയായി മാറിക്കഴിഞ്ഞു. 1950 കാലഘട്ടത്തിലാണ് നന്ദിയോട് പഞ്ചായത്തുപ്രദേശത്ത് റബ്ബര്‍കൃഷി ആരംഭിച്ചത്. കുറുപുഴ, ഇളവട്ടം നിവാസികളായ ചില പ്രമുഖകൃഷിക്കാരാണ് നന്ദിയോടുപ്രദേശത്ത് ആദ്യമായി റബ്ബര്‍കൃഷി ചെയ്തത്. ഒരുകാലത്ത് പഞ്ചായത്തിലെ മൊത്തം കൃഷിഭൂമിയില്‍ ഏറിയ ഭാഗത്തും മരച്ചീനികൃഷി ചെയ്തിരുന്നു. ഗ്രാമത്തിലെ നാണ്യവിളകളില്‍ പ്രധാനപ്പെട്ട കുരുമുളക് ഏകദേശം 80 ഹെക്ടര്‍ സ്ഥലത്ത് കൃഷിചെയ്തുവരുന്നു. ഗ്രാമവാസികളുടെ ആഹാരത്തില്‍ മരച്ചീനി ഒരു പ്രധാനയിനമായിരുന്നു. വാഴക്കൃഷിക്കനുയോജ്യമായ മണ്ണാണ് ഈ പ്രദേശത്തുള്ളത്. 1987-ലാണ് ഇവിടെ കൃഷിഭവന്‍ ആരംഭിക്കുന്നത്. നന്ദിയോട് പബ്ളിക് മാര്‍ക്കറ്റ്, പേരയം മാര്‍ക്കറ്റ് എന്നിവയാണ് നന്ദിയോട് പ്രദേശത്തെ പ്രധാന കാര്‍ഷികോല്‍പന്നവിപണനകേന്ദ്രങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ പ്രധാനമാര്‍ക്കറ്റുകളില്‍ ഒന്നായിരുന്നു നന്ദിയോട്. മലയോര ഉല്‍പ്പന്നങ്ങളായ കുരുമുളക്, അടയ്ക്കാ-കൊട്ടപ്പാക്ക്, വെള്ളത്തില്‍ പാക്ക്, നാളികേരം, വാഴക്കുല, പുറത്തിചക്ക, ഇഞ്ചി തുടങ്ങിയവയും കന്നുകാലികളേയും വില്‍ക്കുവാനും വാങ്ങുവാനും ഈ ചന്തകള്‍ ഉപയോഗിച്ചിരുന്നു. നന്ദിയോട് പഞ്ചായത്തില്‍ കേന്ദ്ര അടയ്ക്കകമ്മിറ്റിയുടെ കീഴില്‍ തോട്ടവിള ഗവേഷണകേന്ദ്രം (സി.പി.സി.ആര്‍.ഐ) എന്ന സ്ഥാപനം 1959-ല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ സ്ഥാപനം 1970-ല്‍ കേന്ദ്രതോട്ടവിളഗവേഷണകേന്ദ്രത്തിന്റെ കീഴിലായി. അടയ്ക്ക കൂടാതെ കശുമാവ്, കുരുമുളക് എന്നിവയുടെ ഗവേഷണവും നടത്തുന്നു. എണ്ണപ്പനയുടെ പ്രധാന്യം മനസ്സിലാക്കി 1976 മുതല്‍ എണ്ണപ്പനയും ഗവേഷണം തുടങ്ങി.

വിദ്യാഭ്യാസം

പഞ്ചായത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ (1894) ആരംഭിച്ച പച്ച എല്‍.പി.എസ്-ന്റെ പ്രവര്‍ത്തനത്തോടെയാണ് ഈ പ്രദേശത്തെ ഔപചാരികവിദ്യാഭ്യാസചരിത്രത്തിന് തുടക്കം കുറിക്കപ്പെട്ടത്. ഒരുകാലത്ത് ആശാന്‍ പള്ളിക്കൂടങ്ങളിലും കൂടിപള്ളികൂടങ്ങളിലും പള്ളികളോടനുബന്ധിച്ചുള്ള മതപഠനകേന്ദ്രങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്ന വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്യബോധമുണ്ടായത് പച്ച എല്‍.പി.എസ്-ന്റെ പ്രവര്‍ത്തനാരംഭത്തോടെയാണ്. അക്കാലത്ത് പച്ച എല്‍.പി.എസ്-ല്‍ പഠനം പൂര്‍ത്തിയാക്കിയാല്‍ തുടര്‍ന്നു പഠിക്കണമെങ്കില്‍ പതിനഞ്ചു കിലോമീറ്റര്‍ അകലെ നെടുമങ്ങാടുള്ള സ്ക്കുളുകളെ ആശ്രയിക്കേണ്ടിയിരുന്നു. കാലാന്തരത്തില്‍ എസ്.കെ.വി ഹൈസ്കൂളും ബി.ആര്‍.എം.എച്ച്.എസ്-ഉം ഉള്‍പ്പെടെ പല സ്കൂളുകളും സ്ഥാപിക്കപ്പെട്ടതോടെ കൂടുതല്‍പേര്‍ക്ക് വിദ്യ അഭ്യസിക്കുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടാവുകയും ഗ്രാമത്തിന്റെ സാംസ്കാരിക-സാമൂഹ്യരംഗത്ത് അതിന്റേതായ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

അടിസ്ഥാനമേഖലകള്‍

വ്യവസായം:-

 1957-ല്‍ കോക്കനട്ട് പിത്ത് ഇന്‍ഡസ്ട്രീസ്’ എന്ന പേരില്‍ പാലോട് കാര്‍ഡുബോര്‍ഡ് നിര്‍മ്മാണയൂണിറ്റുണ്ടായിരുന്നു. ചകിരിച്ചോറ് സംസ്കരിച്ചു അരച്ചു കാര്‍ഡുബോര്‍ഡ് ഉണ്ടാക്കുന്ന ഒരു വ്യവസായസ്ഥാപനമായിരുന്നു. ലാഭകരമല്ലാതായതിനെ തുടര്‍ന്ന് 1962-ല്‍ ഇതിന്റെ പ്രവര്‍ത്തനം നിലച്ചു. 1960-കളില്‍ കൈത്തറിനെയ്ത്ത് കുടില്‍വ്യവസായമെന്ന നിലയില്‍ പേരയം മേഖലയില്‍ വ്യാപകമായിരുന്നു. പുല്‍പ്പായ് നിര്‍മ്മാണവും പുകയിലസംസ്ക്കരണവും ഈ മേഖലയില്‍ ഒരു കാലത്തു നടത്തിവന്നിരുന്നു. പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ (ചെല്ലഞ്ചി, പച്ച, പാലോട്) ചക്കില്‍ എണ്ണക്കുരുക്കള്‍ ആട്ടി എണ്ണയാക്കുന്ന കുടില്‍വ്യവസായം നിലവിലുണ്ടായിരുന്നു. വാമനപുരം നദീതീരത്തുള്ള കളിമണ്ണ് കലര്‍ന്ന പശമണ്ണ് ഇഷ്ടികനിര്‍മ്മാണത്തിനുള്ള സാധ്യത വിളിച്ചറിയിക്കുന്നു. ഇപ്പോള്‍ പറയത്തക്ക വ്യവസായസംരംഭങ്ങളൊന്നും നന്ദിയോട് പഞ്ചായത്തിലില്ല.

ഗതാഗതം:-

നന്ദിയോട് പഞ്ചായത്തില്‍ പണ്ടുകാലങ്ങളില്‍ കുതിരവണ്ടി, വില്ലുവണ്ടി എന്നിവയായിരുന്നു ജനങ്ങള്‍ യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. 1930-കളില്‍ ഹമീദിയ, കെ.എം.എസ്, ആര്‍.കെ.വി തുടങ്ങിയ സ്വകാര്യബസ് സര്‍വ്വീസുകള്‍ ആരംഭിച്ചു. ഇത് ഇന്നത്തെപോലെ പരിഷ്ക്കാരങ്ങള്‍ ഉള്ളതായിരുന്നില്ല. എങ്കിലും തിരുവനന്തപുരം, നെടുമങ്ങാട് തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധപ്പെടാന്‍ ഇതുമൂലം സാധിച്ചു. പീന്നിട് കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം ട്രാന്‍സ്പോര്‍ട്ട് ബസ് ഇത് വഴി വന്നുതുടങ്ങി. ഇന്ന് ആധുനികസൌകര്യങ്ങളോടുകൂടിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസുകളും സ്വകാര്യബസ് സര്‍വ്വീസുകളും ഉണ്ട്. കേരളത്തിലെ പ്രധാനറോഡുകളിലൊന്നായ തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസ്ഥാനപാത (ടി.എസ് റോഡ്) നന്ദിയോട് വഴിയാണ് കടന്നുപോകുന്നത്.

പട്ടികവര്‍ഗ്ഗം:-

നന്ദിയോട് ഗ്രാമപഞ്ചായത്തില്‍ 3,5,6,8 വാര്‍ഡുകളിലാണ് ഗിരിവര്‍ഗ്ഗക്കാര്‍ താമസിക്കുന്നത്. ഗിരിവര്‍ഗ്ഗത്തില്‍പ്പെട്ട ‘കാണിക്കാര്‍‘ എന്ന വിഭാഗമാണ് ഈ പഞ്ചായത്തിലുള്ളത്. വനഭൂമിയില്‍ ഗിരിവര്‍ഗ്ഗക്കാര്‍ക്കു ജീവിക്കാന്‍ ഗിരിജന്‍ സെറ്റില്‍മെന്റുകള്‍ രൂപപ്പെടുത്തിയിട്ടുണ്ടു. 3-ാം വാര്‍ഡിലെ വട്ടപ്പല്‍കാട്, പ്രാമല കരിക്കകം, ചൂടല്‍ മണ്‍പുറം, ചണ്ണനിരവട്ടം, നാഗര, മാങ്കുഴി വലിയവേങ്കാട്ടുകോണം, കിടാരക്കുഴി, ചത്തിയച്ചല്‍, കരിക്കകം 5-ാം വാര്‍ഡിലെ വാളാംക്കുഴി, കാപ്പിതോട്ടം, വെമ്പ്, മണലയം, ഈട്ടിമൂട് 6-ാം വാര്‍ഡിലെ സമാധി മണ്‍പുറം, നീര്‍പാറ, ചെമ്പന്‍കോട്, കുഴിയം, 8-ാം വാര്‍ഡിലെ മുത്തിക്കാട് എന്നീ സെറ്റില്‍മെന്റുകളിലാണ് ഗിരിവര്‍ഗ്ഗക്കാര്‍ താമസിക്കുന്നത്.

പൊതുജനാരോഗ്യം:-

പാരമ്പര്യവൈദ്യരംഗമായ ആയൂര്‍വേദചികിത്സാസമ്പ്രദായത്തിലൂടെ പ്രസിദ്ധനായ വൈദ്യശിരോമണി നീലകണ്ഠന്‍ വൈദ്യനും, വേലായുധന്‍ വൈദ്യനും കോയിക്കവിളാകം കൃഷ്ണന്‍പിള്ള വൈദ്യനും ഈ നാടിന്റെ അഭിമാനമായിരുന്നു. പയറ്റടി ചെല്ലപ്പന്‍ വൈദ്യന്റെ വിഷചികിത്സാരംഗത്തെ പ്രാഗത്ഭ്യവും എടുത്തുപറയേണ്ടവ തന്നെയാണ്. പാലോട് ഗവ: ആശുപത്രി, പി.എച്ച്.സി സബ് സെന്റര്‍, ഭാമാസ് ആശുപത്രി പേരയം (പ്രൈവറ്റ്), എസ്.കെ.വി ഹോസ്പിറ്റല്‍ (പ്രൈവറ്റ്), ഫസീയ ക്ലിനിക് (പ്രൈവറ്റ്), ചിന്ദു ക്ലിനിക് ആയൂര്‍വേദം, അലോപ്പതി (പ്രൈവറ്റ് ), സി.കെ.പി നഴ്സിംഗ് ഹോം ആലുമൂട് (പ്രൈവറ്റ്), ജീവ ക്ലിനിക്ക് നന്ദിയോട് (ഹോമിയോ) (പ്രൈവറ്റ്), ആര്യ ഹോസ്പിറ്റല്‍ പാലോട് (പ്രൈവറ്റ്), അശ്വിനി ആയ്യൂര്‍വേദഹോസ്പിറ്റല്‍ പ്ലാവം (പ്രൈവറ്റ്), പാരമ്പര്യവൈദ്യസഹകരണസംഘം, പേരയം, പ്രഭാത് ആയൂര്‍വേദാശുപത്രി പേരയം, ഹോമിയോ ഡിസ്പെന്‍സറി പേരയം എന്നിവയാണ് നന്ദിയോട് ഗ്രാമപഞ്ചായത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ സ്ഥാപനങ്ങള്‍.