ദേശചരിത്രം
പഞ്ചായത്തുപ്രദേശത്തെ നല്ലൊരുവിഭാഗം ജനങ്ങളും പുരാതനകാലത്ത് പല പ്രദേശങ്ങളില്‍ നിന്നും ഇവിടെ കുടിയേറിപാര്‍ത്തവരുടെ പിന്മുറക്കാരാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മുരുക്കുംപുഴ, വെങ്ങാനൂര്‍, കരകുളം, ചാത്തന്നൂര്‍, തമിഴ്നാട്ടിലെ കുഴിത്തുറ എന്നീ പ്രദേശങ്ങളില്‍ നിന്നായിരുന്നു ഇവരുടെ വരവ്. കാലക്രമേണ രൂപപ്പെട്ട ജന്മി-കുടിയാന്‍ വ്യവസ്ഥിതിയുടെ ഭാഗമായി ജന്മിമാരുടെ കൃഷിയിടങ്ങളില്‍ പണിയെടുക്കാന്‍ ഹരിജനങ്ങളെയും കൊണ്ടുവന്നു പാര്‍പ്പിച്ചിരുന്നു. താഴ്വരകളും പാടശേഖരങ്ങളും റബ്ബര്‍മരങ്ങളും പാറകള്‍കൊണ്ട് ചുറ്റപ്പെട്ട കുന്നിന്‍പ്രദേശങ്ങളും ഉള്‍പ്പെട്ട നന്ദിയോട് പ്രദേശത്ത് മുക്കാല്‍ നൂറ്റാണ്ടുമുമ്പ് കര്‍ഷകരും, കര്‍ഷകത്തൊഴിലാളികളും പുല്ലുകൊണ്ടും, ഈറഇലകൊണ്ടും, ഓല കൊണ്ടും മേഞ്ഞ വീടുകളിലാണ് താമസിച്ചിരുന്നത്. സമ്പന്നരായ കര്‍ഷകര്‍ പോലും വലിയ വീടുകള്‍ നിര്‍മ്മിച്ചാലും ആഡംബരങ്ങള്‍ വളരെ കുറവായിരുന്നു. പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ പഴയകാലത്ത് തടികൊണ്ടു നിര്‍മ്മിച്ച് കൊത്തുപണികള്‍ ചെയ്ത അറയും നിരയും ഉള്ള വീട്ടിലും താമസിച്ചിരുന്നു. 1970-കള്‍ മുതല്‍ പഞ്ചായത്തില്‍ ഓല മേഞ്ഞ വീടുകള്‍ക്കുപകരം ഓടിട്ടവീടുകളും, ഓടിട്ട വീടിനുപകരം കോണ്‍ക്രീറ്റ് മന്ദിരങ്ങളും ഉയര്‍ന്നു കൊണ്ടിരിക്കുന്നു. നൂറ്റാണ്ടു പഴക്കമുള്ള പച്ചയില്‍ ധര്‍മ്മശാസ്താക്ഷേത്രം ദീപ്തമായ ഒരു സാംസ്കാരികചരിത്രത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. പഞ്ചായത്തിലെ പാണ്ടിയന്‍പാറ എന്ന സ്ഥലത്ത് പണ്ട് പാണ്ടിപ്പടയുടെ താവളവും അതിന്റെ അവിശിഷ്ടങ്ങളായ ഗുഹയും മറ്റും ഉണ്ടായിരുന്നതായും കേള്‍ക്കുന്നു. തലസ്ഥാനനഗരിയില്‍ നിന്ന് 32 കിലോമീറ്റര്‍ വടക്കുകിഴക്കു മാറിയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്ന് 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെടുമങ്ങാട് എത്തിച്ചേരാം. കാര്‍ഷികവിളകളുടേയും മലഞ്ചരക്കുകളുടേയും ഈ പഞ്ചായത്തിലെ പ്രധാനപ്പെട്ട വിപണനകേന്ദ്രം പണ്ടുമുതലേ നെടുമങ്ങാട് ആയിരുന്നു. വഴിയാത്രക്കാരുടെയും കച്ചവടക്കാരുടെയും വിശ്രമകേന്ദ്രങ്ങളിലൊന്നായിരുന്നു നന്ദിയോട് എന്നു വേണം അനുമാനിക്കാന്‍. വഴിയമ്പലവും ചുമടുതാങ്ങിയുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ഒരുകാലത്ത് ശ്രീ നാരാണഗുരുവും അയ്യങ്കാളിയും നയിച്ച സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങള്‍ ശക്തമായ ചലനങ്ങള്‍ ഈ പ്രദേശത്തും സൃഷ്ടിച്ചു. നന്ദിയോട് കട്ടയ്ക്കാലില്‍ എന്ന വീട്ടില്‍ ജനിച്ച കുഞ്ഞുകൃഷ്ണന്‍ ടെയ്ലറുടെ നേതൃത്വത്തിലാണ് നമ്മുടെ പ്രദേശത്ത് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ബ്രിട്ടീഷുമേധാവിത്വത്തിനെതിരെയും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. പാലോട് നോഹ ആശാനും കള്ളിപ്പാറ ലൂക്കോസും നേതൃത്വമേറ്റെടുത്തുകൊണ്ട് പിന്നോക്കക്കാരെ സംഘടിപ്പിച്ച് പാലോടും നന്ദിയോടും ചായക്കടകളില്‍ കയറി ഗ്ലാസ്സില്‍ ചായ ആവശ്യപ്പെട്ടു. തുടര്‍ന്നു സവര്‍ണ്ണമേധാവികളുമായി നടന്ന ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ഗുരുതരമായി പരിക്കേറ്റ 44 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അന്നത്തെ പോലീസ് ഐ.ജിയും ഹരിജനക്ഷേമവകുപ്പു മന്ത്രിയും സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് നിയമസഭയില്‍ പ്രാകൃതമായ ഈ സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടുള്ള നിയമം പാസ്സാക്കപ്പെട്ടു. ഈ സമരങ്ങള്‍ക്കൊക്കെ പിന്തുണ നല്‍കികൊണ്ട് പുരോഗമനവാദികളായ നിരവധി ചെറുപ്പക്കാര്‍ അക്കാലത്ത് മുന്നോട്ടുവന്നു. കെ.വിശ്വംഭരന്‍, നന്ദിയോട് രാമചന്ദ്രന്‍, സദാന്ദന്‍ ടെയ്ലര്‍ തുടങ്ങിയവര്‍ പ്രത്യേകം സ്മരണീയരാണ്. ഈ കാലഘട്ടത്തില്‍ സംസ്കാരികരംഗത്തും പുതിയ മുന്നേറ്റങ്ങള്‍ ഉടലെടുത്തു. “വിജഞാനദായിനി” വായനശാല എന്ന പേരില്‍ കുഞ്ഞുകൃഷ്ണന്‍ ടെയ്ലര്‍ സ്വന്തമായി തുടങ്ങിയ ഈ സ്ഥാപനമാണ് നെടുമങ്ങാടിനിപ്പുറമുള്ള ആദ്യത്തെ ഗ്രന്ഥശാല. ഈ സ്ഥാപനം പിന്നീട് സഹൃദയ ഗ്രന്ഥശാല എന്ന പേരിലും പ്രവര്‍ത്തിച്ചു. പില്‍ക്കാലത്ത് ഇതാണ് നന്ദിയോട് പഞ്ചായത്തു ലൈബ്രറിയായി മാറിയത്. ഈ ഗ്രന്ഥശാല കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം നന്ദിയോട് പ്രദേശത്തെ സാംസ്കാരികരംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ദേശീയസ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ ഈ പ്രദേശത്തുണ്ട്. കുഞ്ഞുകൃഷ്ണന്‍ടെയ്ലര്‍, പി.കെ.കുഞ്ഞന്‍പിള്ള, കുറുപുഴ സഖറിയ, കെ.കേശവന്‍, കെ.കെ.പിള്ള, താളിക്കുന്ന് പാച്ചന്‍പിള്ള, പനച്ചയില്‍ നീലകണ്ഠപിള്ള, ഇളവട്ടം നാരായണപിള്ള തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ പ്രമുഖരാണ്. 1940-കളില്‍ രൂപം കൊണ്ട നന്ദിയോട് മഹാത്മ യുവജനസമാജവും തുടര്‍ന്നുവന്ന ടാഗോര്‍ ആര്‍ട്ട്സ് ക്ലബും സാംസ്കാരികകലാരംഗങ്ങളിലെ ദീപസ്തംഭങ്ങളാണ്. പഞ്ചായത്തിലെ ഒരു വലിയ പ്രദേശമാണ് പച്ച. നവരത്നങ്ങളിലൊന്നായ പച്ചരത്നക്കല്ല് വിളഞ്ഞിരുന്ന സ്ഥലം എന്നതില്‍ നിന്നാണ് പച്ച എന്ന സ്ഥലനാമം ഉണ്ടായതെന്നാണ് പഴമക്കാര്‍ പറയുന്നത്. 1953 മുതല്‍ 1961 വരെ ഇപ്പോഴത്തെ പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകള്‍ യോജിച്ചുകിടക്കുകയായിരുന്നു. ഇത് പാലോട് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.